മനാമ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ സംഘടിപ്പിച്ച ‘ഓണാരവം 2026’ ഓണാഘോഷ പരിപാടി വൻ ജനപങ്കാളിത്തത്തോടെ സൽമാനിയ കെ. സിറ്റി ഹാളിൽ നടന്നു. വെള്ളിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ നടന്ന പരിപാടിയിൽ അംഗങ്ങളും കുടുംബാംഗങ്ങളുമടക്കം അറുന്നൂറിലധികം പേർ പങ്കെടുത്തു.
ഐ.സി.ആർ.എഫ് (ICRF) ചെയർമാൻ അഡ്വ. വി.കെ. തോമസ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ബഹ്റൈനിലെ വിവിധ സഹോദര സംഘടനകളുടെ പ്രതിനിധികളും ആഘോഷങ്ങളിൽ പങ്കുചേർന്നു.
പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച അസോസിയേഷൻ അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡുകൾ ചടങ്ങിൽ അഡ്വ. വി.കെ. തോമസ് വിതരണം ചെയ്തു.
അത്തപ്പൂക്കളം, തിരുവാതിരക്കളി, ഗാനമേള, മുതിർന്നവർക്കും കുട്ടികൾക്കുമായി സംഘടിപ്പിച്ച വിവിധ ഗെയിമുകൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. വിഭവസമൃദ്ധമായ ഓണസദ്യയും ചടങ്ങിൻ്റെ ഭാഗമായി ഒരുക്കിയിരുന്നു.

കൺവീനർ ബിബിൻ മാടത്തേത്ത്, ജോയിൻ്റ് കൺവീനർ ജെയ്സൺ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. അജു ടി. കോശി അവതാരകനായിരുന്നു.
പ്രവാസി സമൂഹത്തിൽ കേരളത്തിൻ്റെ സാംസ്കാരിക പാരമ്പര്യവും കൂട്ടായ്മയും പുതുക്കിപ്പണിയാൻ ‘ഓണാരവം 2026’ന് സാധിച്ചതായി ഭാരവാഹികൾ അറിയിച്ചു.
