പ്രവാസികളുടെ പ്രിയ ഡോക്ടർക്ക് ആദരാഞ്ജലി അർപ്പിച്ച് പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ

മനാമ: ബഹ്റൈനിലെ ആതുരസേവന രംഗത്തെ സമാനതകളില്ലാത്ത ജനകീയ മുഖവും, സാധാരണക്കാരായ പ്രവാസികളുടെ പ്രിയങ്കരനുമായിരുന്ന അന്തരിച്ച ഡോ. പി. വി. ചെറിയൻ്റെ നിര്യാണത്തിൽ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ, ബഹ്റൈൻ (PAPA) അനുശോചന യോഗം സംഘടിപ്പിച്ചു. അദില്യ ഔറ ആർട്സ് സെൻ്ററിൽ (Aura Arts Center) വെച്ച് നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡൻ്റ് വിഷ്ണു ദേവാഞ്ജനം അധ്യക്ഷത വഹിച്ചു. സംഘടനയുടെ ജനറൽ സെക്രട്ടറിയുടെ അഭാവത്തിൽ ജോയിൻ്റ് സെക്രട്ടറി സിജി തോമസ് ചടങ്ങുകൾ നിയന്ത്രിക്കുകയും ഔദ്യോഗിക നടപടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു.

ബഹ്റൈനിലെ പ്രവാസി സമൂഹത്തിന്, പ്രത്യേകിച്ച് സാധാരണക്കാരായ തൊഴിലാളികൾക്ക് ഡോ. പി. വി. ചെറിയാൻ നൽകിയ നിസ്വാർത്ഥമായ സേവനങ്ങളെ മുൻനിർത്തി സുഭാഷ് തോമസ് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. കേവലം ഒരു ഡോക്ടർ എന്നതിനപ്പുറം മാനവിക മൂല്യങ്ങൾക്ക് മുൻഗണന നൽകിയ അദ്ദേഹം, പ്രവാസികളുടെ ഏത് പ്രശ്നങ്ങളിലും സജീവമായി ഇടപെട്ടിരുന്ന വ്യക്തിത്വമായിരുന്നുവെന്ന് സുഭാഷ് തോമസ് ഓർമ്മിപ്പിച്ചു. ഡോക്ടറുമായുള്ള വ്യക്തിപരമായ അനുഭവങ്ങളും സംഘടനയുമായി അദ്ദേഹം പുലർത്തിയിരുന്ന ഊഷ്മളമായ ബന്ധവും അദ്ദേഹം പങ്കുവെച്ചു.

അസോസിയേഷൻ്റെ നിരവധി സാമൂഹിക-ആരോഗ്യ പ്രവർത്തനങ്ങൾക്ക് എന്നും താങ്ങായിരുന്ന ഡോക്ടറുടെ വേർപാട് ബഹ്റൈനിലെ മലയാളി സമൂഹത്തിന് ഒരിക്കലും നികത്താനാവാത്ത തീരാനഷ്ടമാണെന്ന് യോഗം വിലയിരുത്തി.

 

 

 

ചടങ്ങിൽ അസോസിയേഷൻ രക്ഷാധികാരി വർഗീസ് മോഡിയിൽ, ട്രഷറർ വിനീത് വി.പി, വൈസ് പ്രസിഡന്റ് മോൻസി ബാബു, ജോയിൻ്റ് ട്രഷറർ അനിൽ കുമാർ, ലേഡീസ് വിംഗ് സെക്രട്ടറി ലിബി ജെയ്സൺ, ഓഡിറ്റർ ഫിന്നി എബ്രഹാം, ജനറൽ കൺവീനർ ബിബിൻ മാടത്തേത്, മെഡിക്കൽ കോർഡിനേറ്റർ റോബിൻ ജോർജ്, അഞ്ചു വിഷ്ണു, മെമ്പർഷിപ്പ് സെക്രട്ടറി രഞ്ജു നായർ, എൻ്റർടൈൻമെൻ്റ് സെക്രട്ടറി ബിജിൻ, സീനിയർ എക്സിക്യൂട്ടീവ് അംഗം ഷീലു വർഗീസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സിമിലിയ, നൗഫൽ, ബിനു കോന്നി, ജെയ്സൺ വർഗീസ്, ശ്രീജിത്ത് നായർ, സജീഷ് പന്തളം തുടങ്ങിയ എക്സിക്യൂട്ടീവ്  അംഗങ്ങളും സന്നിഹിതരായിരുന്നു.

 

ഡോ. പി. വി. ചെറിയാൻ്റെ പാവനമായ സ്മരണയ്ക്ക് മുന്നിൽ പ്രാർത്ഥനയും ഒപ്പം രണ്ടു മിനിറ്റ് മൗനാചരണവും നടത്തിയാണ് യോഗം സമാപിച്ചത്.

 

 

← Back to News