മനാമ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PAPA ബഹ്‌റൈൻ) എല്ലാവർഷവും ലേബർക്യാമ്പിൽ സംഘടിപ്പിച്ചു വരാറുള്ള ഇഫ്താർ സംഗമത്തിന് പകരം, ഈ വർഷം ലേബർ ക്യാമ്പിൽ ഫുഡ് കിറ്റുകൾ വിതരണം ചെയ്തു. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത്, വിപുലമായ സംഗമങ്ങൾ ഒഴിവാക്കി അർഹരായവരിലേക്ക് നേരിട്ട് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അസോസിയേഷൻ ഈ കാരുണ്യപ്രവർത്തി നടപ്പിലാക്കിയത്.
അസ്കറിലെ പ്രമുഖ കമ്പനിയുടെ ലേബർ ക്യാമ്പിൽ മുന്നൂറിലധികം തൊഴിലാളികൾക്കാണ് ഇഫ്താർ കിറ്റുകൾ എത്തിച്ചുനൽകിയത്. അസോസിയേഷൻ മുൻപ് സംഘടിപ്പിച്ച 'ബിരിയാണി ചലഞ്ചിൽ' നിന്നുള്ള മിച്ചതുകയും വിഷ്ണു ദേവാഞ്ജനത്തിൻ്റേയും, അൽഹിലാൽ ഹോസ്പിറ്റലിൻ്റേയും സഹകരണം പ്രയോജനപ്പെടുത്തിയാണ് പുണ്യങ്ങളുടെ പൂക്കാലമായ ഈ വിശുദ്ധ റമദാൻ മാസത്തിൽ ഇത്തരമൊരു കിറ്റ് വിതരണം സംഘടിപ്പിച്ചത്.

ചടങ്ങിൽ ആക്ടിംഗ് പ്രസിഡന്റ് മോൻസി ബാബു, സെക്രട്ടറി സുനു കുരുവിള, ട്രഷറർ വിനീത് വി.പി, ഇഫ്താർ കൺവീനർ അനിൽ എന്നിവർക്കൊപ്പം വിഷ്ണു ദേവാഞ്ജനം, അനിൽ രാഘവൻ, ജയ്സൺ വർഗീസ്, വിഷ്ണു പി സോമൻ, ബിജിൻ, ബിനു കോന്നി, ജോബി വർഗീസ്, ഷീലു വർഗീസ്, അഞ്ചു വിഷ്ണു തുടങ്ങി മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. ഫുഡ് കിറ്റ് വിതരണം ഭംഗിയായി പൂർത്തിയാക്കാൻ സഹകരിച്ച എല്ലാവർക്കും കൺവീനർ അനിൽ നന്ദി രേഖപ്പെടുത്തി.